മാറ്റം എല്ലാത്തിലും മാധുര്യമുള്ളതാണ് - അരിസ്റ്റോട്ടിൽ മാറ്റത്തിന് വിധേയമാകുകയും മാറ്റത്തിന് അനുസരിച്ച് ചലിക്കുക എന്നത് പ്രകൃതി നിയുക്തമാണ്. മാറ്റത്തിന് വിധേയമായില്ലെങ്കിൽ കാലം അതിനെ വിധേയമാക്കും എന്നത് യാഥാർത്ഥ്യം. കാലവും സമയവും പ്രകൃതിയും വർത്തമാന വ്യവഹാരങ്ങളും എല്ലാം മാറ്റത്തിന് വിധേയമായി ചലിക്കുന്നു. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറ്റത്തെ ഉൾക്കൊള്ളുന്നു എന്നത് യാഥാർത്ഥ്യം. പ്രാചീനം - ആധുനികം - ഉത്തരാധുനികം - വികസിതം - അവികസിതം - ഗൃഹാതുരത്വം - പാരമ്പര്യം (traditional), സുസ്ഥിരവികസനം (Sustainable Development), മാതൃക മാറ്റം (Paradigm Shift) തുടങ്ങിയ ആശയങ്ങൾ (Concepts) എല്ലാം മാറ്റത്തെ നിർവചിക്കുകയും അർത്ഥമാക്കുകയും ചെയ്യുന്നു. മാറ്റത്തിന് വിധേയമാകുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നു. മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളിലും മാറ്റം പ്രകടമാണ്. സാമൂഹിക-രാഷ്ട്രീയ- ആത്മീയ- ദാർശനിക- സാമ്പത്തിക മേഖലകളിൽ എല്ലാം മാറ്റത്തിന് വിധേയമായി ചലിക്കുന്നു. മാറുന്ന ലോകത്ത് മാറ്റത്തിന്റെ ക്രൈസ്തവ കാഴ്ചപ്പാട് അപഗ്രഥിക്കുവാൻ ശ്രമിക്കുകയാണിവിടെ. ആത്മീയത, മാറ്റത്തിന് വിധേയമായ ലോകത്തിന് ഒപ്പം സഞ്ചരിക്കുന്ന ഒന്നാണ്. ക്രൈസ്തവ ആത്മീയതയുടെ അടിസ്ഥാനം ബൈബിൾ ആണ്. ദൈവശാസ്ത്ര ചിന്താധാരകൾ പലതുമുണ്ടെങ്കിലും തിരുവചനത്തിന്റെ (ബൈബിൾ) അസ്ഥിതത്തിന് മാറ്റമില്ലാതെ തുടരുന്നുവെന്നത് ബൈബിളിന്റെ മാത്രം പ്രത്യേകതയാണ്. കാലഘട്ടത്തിന് അനുസരിച്ച് ഉടലെടുത്ത സഭകൾ/കൂട്ടായ്മകൾ നിരവധിയാണ്; അവയുടെ പ്രവർത്തനങ്ങളും വ്യത്യസ്തമാണ്. കാലത്തിന്റെ മാറ്റങ്ങൾ സഭയുടെ പ്രവർത്തനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സഭയുടെ ഉപദേശ കാഴ്ചപ്പാടിൽ പലപ്പോഴും കാലഘട്ടത്തിന്റെ മാറ്റം കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഉപദേശ നിലപാടിൽ മായം കലർത്തി ആളെ കൂട്ടാൻ വേണ്ടി മനുഷ്യന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്ന ന്യൂജനറേഷൻ സഭകളും മാറ്റത്തിന്റെ ലോകത്ത് മൂല്യച്യുതി സംഭവിക്കുന്ന കൂട്ടായ്മകൾ/സഭകൾക്ക് ഉദാഹരണമാത്രം. ആൾക്കൂട്ട ബഹളങ്ങളല്ല ആത്മീയത എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കമ്പോള സംസ്കാരത്തിന്റെ ഉത്പന്നമായി ഉടലെടുത്ത കച്ചവടആത്മീയതയും ആൾദൈവ സങ്കല്പങ്ങളും പൊതുസമൂഹത്തിൽ ആടിത്തകർക്കുകയാണ്. ഉപദേശ മൂല്യങ്ങളെ കാറ്റിൽ പറത്തി വിശ്വാസ സമൂഹത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യാൻ വേണ്ടി വചനത്തെ ദുർവാഖ്യാനം ചെയ്ത് കപട ആത്മീയതയുടെ അപ്പോസ്തലന്മാർ അരങ്ങുതകർക്കുകയാണ്. അനുഗ്രഹം - സമ്യദ്ധി – വിടുതൽ തുടങ്ങിയ ആൾക്കൂട്ട ബഹളങ്ങളിലേക്ക് ഈയാംപാറ്റകളെപോലെ പറന്നിറങ്ങുന്ന ആൾക്കൂട്ടആത്മീയത മാറുന്ന ലോകത്തിന്റെ ആത്മീയതയുടെ മറ്റൊരു മുഖമാണ്. മാറുന്ന ലോകത്തിന് ഒപ്പം ആത്മീയതയും മാറുവാനും മാറ്റുവാനും ശ്രമിക്കുമ്പോൾ മാറ്റത്തെ അതിജീവിച്ച് മുന്നേറുന്നത് തിരുവചനം മാത്രമാണ്. ലോകത്തിന്റെ ഏതൊരു സമൂഹത്തിന്റെയും ചരിത്രം പഠിക്കുമ്പോൾ ജാതി, വർണ-വർഗ്ഗ, സാമ്പത്തിക മേഖലകളെ അടിസ്ഥാനപ്പെടുത്തി ശ്രേണീകരിക്കപ്പെട്ടതും വേർതിരിവ് നിലനിന്നതുമായ സാമൂഹിക വ്യവസ്ഥിതി കാണാൻ കഴിയും. സാമൂഹിക നവോത്ഥാനത്തിന്റെയും വിദ്യാഭ്യാസ പുരോഗതിയുടെയും സമര/മുന്നേറ്റ പോരാട്ടങ്ങളുടെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും വളർച്ചയുടെയും-വ്യാപനത്തിന്റെയും ഫലമായി മനുഷ്യർക്കിടയിലുള്ള സാമൂഹിക വേർതിരിവ് ഒരു പരിധിവരെ ഇല്ലായ്മ ചെയ്യുവാൻ കഴിഞ്ഞു. ലോകം ഒരുപാട് മുന്നേറിയപ്പോഴാണ് ഇത്തരം സാമൂഹിക മാറ്റങ്ങൾ, സാമൂഹികചിന്തകൾ ഉടലെടുത്തത്. എന്നാൽ എത്രയോ വർഷങ്ങൾക്ക് പുറകെ ക്രിസ്തു പറഞ്ഞ നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്ക" എന്ന ആശയം ജനകീയമാണ്. അത്തരം മഹത്തായ ദർശനത്തിലേക്ക് പൊതുസമൂഹം എത്തിയിട്ടില്ല എന്നത് യാഥാർത്ഥ്യം. ഇവിടെയാണ് ലോകം മാറുമ്പോഴും മാറ്റത്തെ അതിജീവിക്കുന്ന, മാറ്റത്തിന് അതീതമായ തിരുവചനത്തിന്റെ സൗന്ദര്യം ദൃശ്യമാകുന്നത്. നിരവധി തത്വശാസ്ത്രങ്ങളും ഗ്രന്ഥങ്ങളും ലോകത്ത് ഓരോ കാലഘട്ടത്തിലും ഉദയം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം സ്വീകാര്യതയ്ക്ക് പരിമിതമായ കാലാവധിയേയുള്ളൂ. എന്നാൽ ബൈബിൾ മുന്നോട്ട് വയ്ക്കുന്ന ജനകീയത ലോകത്തിലെ ഒരു പുസ്തകത്തിനും ഇല്ല എന്നത് യാഥാർത്ഥ്യം. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതും തിരുവചനം (ബൈബിൾ) തന്നെയാണ്. മാറുന്ന ലോകത്തും മാറ്റത്തിന് അതീതമായ ബൈബിൾ മുന്നോട്ട് വയ്ക്കുന്ന ക്രിസ്തുദർശനം ശ്രദ്ധേയമാണ്. ലോകത്തിന്റെ മാറ്റത്തിന് ഒപ്പം ചലിക്കേണ്ടതല്ല ക്രിസ്തുദർശനം എന്ന് വിശ്വാസസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
Nibu Alexander
Nibu Alexander is a Social
Science Scholar, MA History
and MPhil in General Social
Science from MG University,
Kerala. Currently working as
a Counselling Assistant,
settled in Halifax, Canada